സൂര്യ നായകനായി, സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് സൂരറൈ പോട്രൂ. “എയർ ഡെക്കാൻ” കമ്പനി സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിൻ്റെ ജീവിതകഥ പറയുന്ന ചിത്രമാണിത്. മലയാളി താരം അപർണ ബാലമുരളി ഇതിൽ നായികാ വേഷം കൈകാര്യം ചെയുന്നു. ജി വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. നികേത് ബൊമ്മിറെഡ്‌ഡിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സൂര്യയുടെ നിർമ്മാണ കമ്പനിയായ ടു ഡി എന്റർടൈൻമെൻറ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെ നവംബർ 12ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്തു.
ഈ ചിത്രം സൂര്യയുടെ വമ്പൻ തിരിച്ചു വരവ് തന്നെയാണ് എന്നു പറയാൻ പല കാരണങ്ങൾ ഉണ്ട്. അവസാനം പുറത്തിറങ്ങിയ കാപ്പൻ കുറച്ചു നല്ല പ്രതികരണങ്ങൾ നേടിയെങ്കിലും ബോക്സ്ഓഫീസിൽ വിജയം എന്ന് പറയാൻ പറ്റില്ല. 24 എന്ന ചിത്രത്തിനു ശേഷം ഒരു നല്ല സിനിമ എന്നതിൽ ഉപരി കാപ്പാൻ വേറൊന്നും പ്രേക്ഷകർക്ക് സമ്മാനിക്കുന്നില്ല. എന്നാൽ നൂറു ശതമാനം ഒരു സിനിമയുടെ എല്ലാ ഘടകങ്ങളും ഒത്തു ചേർന്ന ഒരു സിനിമയാണ് “സൂരറൈ പോട്രൂ” എന്നതിൽ ഒരു സംശയവുമില്ല.തോറ്റു പോയവൻ ആണെന്ന് എപ്പോഴെങ്കിലും നിങ്ങൾക്കു തോന്നിയാൽ, ഈ സിനിമ ഒന്ന് കണ്ടു നോക്കുക. വീണ്ടും ഒരു ശ്രെമമെങ്കിലും നടത്താനുള്ള ഒരു ഊർജ്ജം നിങ്ങൾക്കു ഈ ചിത്രം നിങ്ങൾക്കു തരും. അത്രത്തോളം നിങ്ങളെ സ്വാധീനിക്കാൻ ഈ ചിത്രത്തിന് കഴിയും. സൂര്യയുടെ അഭിനയത്തെ പറ്റി വീണ്ടും ആവർത്തിക്കുന്നില്ല. കണ്ടുതന്നെ മനസിലാക്കുക. വാരണം ആയിരത്തിലെ സൂര്യയുടെ പെർഫോമെൻസ് വീണ്ടും കണ്ട ഒരു പ്രതീതിയാണ് എനിക്ക് ലഭിച്ചത്. ചിത്രം റിലീസ് ആകുന്നതിനു മുൻപേ ഹിറ്റ് ആയ പാട്ടുകൾ സ്‌ക്രീനിൽ കൂടുതൽ മികവ് നൽകുന്നു.
ഛായാഗ്രഹണം പൂർണതയുടെ അങ്ങേയറ്റം എത്തിനിൽക്കുന്നതിൽ ഛായാഗ്രാഹകൻ നികേത് ബൊമ്മിറെഡ്‌ഡിയുടെ കഠിനാധ്വാനം കാണാൻ സാധിക്കുന്നു. പഴയകാല ഫ്ലാഷ്ബാക്ക് സീനുകൾ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിൽ കലാ സംവിധായകൻ ജാക്കി നൂറു ശതമാനം വിജയിച്ചു. സതീഷ് സൂര്യയുടെ എഡിറ്റിംഗും പ്രശംസ അർഹിക്കുന്നു.
ചിത്രത്തിലെ ഓരോ കഥാപാത്രവും നൂറു ശതമാനം നീതി പുലർത്തി എന്നതിൽ ഒരു സംശയവുമില്ല. അതിൽ എടുത്തു പറയേണ്ടത് അപർണ ബലമുരളിയുടെയും ഉർവ്വശിയുടെയും അഭിനയം തന്നെയാണ്. വികാരരംഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഉർവശിയുടെ കഴിവ് എത്രത്തോളം ഉണ്ടെന്നു ഈ ചിത്രത്തിലെ ചില രംഗങ്ങൾ കണ്ടാൽ നിങ്ങൾക്ക് മനസിലാകും. നായികനോടൊപ്പം നിൽക്കുന്ന നായിക എന്നൊക്കെ വേണമെങ്കിൽ പറയാവുന്ന ശക്തമായ കഥാപാത്രം ആണ് അപർണ ബാലമുരളി കൈകാര്യം ചെയുന്നത്. മറ്റു കഥാപാത്രങ്ങൾ ആയ മോഹൻ ബാബു, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണ കുമാർ, കാളി വെങ്കട്, പരേഷ് റാവൽ എന്നിവർ കഥാപാത്രങ്ങൾ വളരെ മികവോടെ കൈകാര്യം ചെയ്തു.
സുധാ കൊങ്കര എന്ന സംവിധായകയെ കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യം ഇല്ല. “ഇരുതി സുട്രൂ” എന്ന ചിത്രം തന്നെ ധാരാളം. മണി രത്‌നത്തിൻ്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച സുധാ കൊങ്കരയിൽ നിന്നും ഇതിൽ കുറഞ്ഞതൊന്നും നമ്മൾ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടു തന്നെ “സൂരറൈ പോട്രൂ” എന്ന ചിത്രത്തിനും പ്രതീക്ഷ വാനോളമായിരുന്നു. ആ പ്രതീക്ഷയോടു നൂറു ശതമാനം നീതി പുലർത്താൻ ഈ സിനിമയ്ക്ക് കഴിഞ്ഞു എന്നതിൽ ഒരു സംശയവുമില്ല.
4.0 out of 5.0 stars
Comments
0 comments