നെറ്റ്ഫ്ലിസ്ക്സിന് വേണ്ടി തമിഴിലെ നാലു മികച്ച സംവിധായകർ ചേർന്നെടുത്ത നാലു ഷോർട്ട് ഫിലിമുകൾ കോർത്തിണക്കിയാണ് “പാവ കഥകൾ” ഒരുക്കിയിരിക്കുന്നത്. സുധാ കൊങ്കര, ഗൗതം വാസുദേവ മേനോൻ, വെട്രിമാരൻ, വിഘ്‌നേശ് ശിവൻ തുടങ്ങിവർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
തങ്കം – സുധാ കൊങ്കര
സുധാ കൊങ്കര സംവിധാനം ചെയ്തു കാളിദാസ് ജയറാം, ശാന്തനു ഭാഗ്യരാജ്, ഭവാനി ശ്രീ എന്നിവർ അഭിനയിച്ച ചിത്രമാണ് “തങ്കം”. “പുത്തൻ പുതു കാലൈ” ചിത്രത്തിന് ശേഷം കാളിദാസ് ജയറാം രണ്ടാം തവണയും സുധാ കൊങ്കര ചിത്രത്തിൽ അഭിനയിക്കുന്നു എന്നതിൽ അതിശയിക്കാൻ ഒന്നും തന്നെയില്ല. അത്രക്കു ഭംഗിയായി കാളിദാസിനെ ഈ ചിത്രത്തിൽ ഉപയോഗപ്പെടുത്തി എന്നതാണ് സത്യം. മലയാള സിനിമ അംഗീകരിച്ചാലും ഇല്ലെങ്കിലും, തമിഴ് സിനിമ കാളിദാസിനെ അംഗീകരിക്കും എന്നതിൽ ഒരു സംശയവുമില്ല. ഉള്ളവർക്ക് ഈ സിനിമ കാണാം. “സൂററൈ പോട്രൂ” എന്ന വമ്പൻ വിജയത്തിന് ശേഷം സുധാ കൊങ്കരയിൽ നിന്ന് എന്തു പ്രദീക്ഷിച്ചോ അത് തന്നെ കിട്ടി എന്ന് പറയാം. ഇമോഷണൽ രംഗങ്ങൾ എത്ര മനോഹരമായി സുധാ കൊങ്കര കൈകാര്യം ചെയുന്നു എന്നു നമ്മൾ സൂററൈ പോട്രൂ ചിത്രത്തിൽ കണ്ടതാണ്. അത് ഈ ചിത്രത്തിലും കാണാൻ സാധിക്കും. അഭിനയിപ്പിച്ചു ഭലിപ്പിക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള കഥാപാത്രമാണ് കാളിദാസ് ജയറാം അവതരിപ്പിക്കുന്നത്. ട്രെലറിലും അത് കാണാൻ സാധിക്കും. കുറച്ചു എങ്ങാനും പാളിപ്പോയാൽ ഒരു പക്ഷെ കോമഡി ആയിപ്പോകേണ്ട കഥാപാത്രം വളരെ മനോഹരമായി തന്നെ കാളിദാസ് അവതരിപ്പിച്ചു. ഒരു പക്ഷെ കാളിദാസിൻ്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവാകാൻ സാധ്യത ഉള്ള കഥാപാത്രം. “പാവ കഥകൾ” ചിത്രത്തിൽ ഏറ്റവും മികച്ച ചിത്രം ഏതാണെന്നു ചോദിച്ചാൽ, ഉത്തരം “തങ്കം”
4.0 out of 5.0 stars
ഊർ ഇരവ് – വെട്രിമാരൻ
വെട്രിമാരൻ എന്ന സംവിധായകനെക്കുറിച്ചു കൂടുതൽ പറയേണ്ട ആവശ്യം ഇല്ല. അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയതും വൻ വിജയങ്ങളായി മാറിയതുമാണ്. പൊല്ലാത്തവൻ, ആടുകളം, വിസാരണൈ, വടചെന്നൈ.. ഒടുവിൽ ധനുഷിൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു സിനിമ, അസുരൻ. ഇനി വരാനിരിക്കുന്നത് സൂര്യ കൂട്ടുകെട്ടിൽ വാടിവാസൽ. തികച്ചും അപ്രദീക്ഷിതമായ കഥാ സന്ദർഭങ്ങൾ വെട്രിമാരൻ്റെ സിനിമകളുടെ പ്രതേകത ആണ്. അത് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് “ഊർ ഇരവ്” എന്ന ഈ ചിത്രത്തിലാണ്. സായി പല്ലവി, പ്രകാശ് രാജ് തുടങ്ങിയവർ ആണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയുന്നത്. സിവാത്മീക ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വളരെ സാധാരണമായി പോയ്കൊണ്ടിരിക്കുന്ന കഥാഗതി അവസാന പത്തു മിനുറ്റിൽ നൽകുന്നത് ഹൃദയം തകർന്നു പോകുന്ന രംഗങ്ങൾ ആണ്. കണ്ടുകൊണ്ടിരിക്കാൻ വളരെ ബുദ്ധിമുട്ടുള്ള രംഗങ്ങൾ. സായിപല്ലവിയുടെയും പ്രകാശ് രാജിൻ്റെയും അഭിനയം മൂർച്ച ഭാവത്തിൽ നിൽകുമ്പോൾ, ശ്വാസമടക്കിപ്പിച്ചു അവസാന രംഗങ്ങൾ കണ്ടുതീർക്കാൻ പ്രേക്ഷകർ കുറച്ചു ബുദ്ധിമുട്ടും. ഈ രംഗങ്ങൾ രണ്ടു മൂന്നു ദിവസം നിങ്ങളുടെ മനസ്സിൽ ഉണ്ടാകും എന്നതിൽ ഒരു സംശയവുമില്ല. കാരണം അത്രത്തോളം ഈ സിനിമ നിങ്ങളുടെ മനസ്സിൽ ആഴ്ന്നിറങ്ങും.
3.5 out of 5.0 stars
വാൻമകൾ – ഗൗതം വാസദേവ മേനോൻ
ഗൗതം മേനോൻ സംവിധാനം ചെയ്തു, ഗായകൻ കാർത്തിക്ക് സംഗീത സംവിധാനം ചെയ്തു, ഗൗതം മേനോൻ, സിമ്രാൻ, ആദിത്യ ഭാസ്കർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്ത സിനിമയാണ് വാൻമകൾ. വലിയൊരു സാമൂഹിക സന്ദേശം സിനിമ നമ്മൾക്ക് തരുന്നുണ്ട്. സിനിമ മുഴുനീളം ഗൗതം മേനോൻ സ്റ്റൈലിൽ തന്നെയാണ്. ഒരു 18+ ക്യാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന സിനിമ. ഒരു സ്ഥലത്തുപോലും സിനിമ നമ്മളെ ബോറടിപ്പിക്കില്ല എന്നത് ഉറപ്പാണ്. ഉടനീളം നമ്മളെ സിനിമയോടൊപ്പം പിടിച്ചിരുത്താൻ ഗൗതം മേനോനു സാധിച്ചു. പെൺകുട്ടികൾക്ക് സമൂഹത്തിൽ നേരിടേണ്ടിവരുന്ന പീഡനത്തിൻ്റെ നേർകാഴ്ചയും, അവരുടെ മാതാപിതാക്കൾ അനുഭവിക്കേണ്ടിവരുന്ന വിഷമങ്ങളും എല്ലാം വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഒരു അമ്മയുടെ നിസ്സഹായ അവസ്ഥ വളരെ ഭംഗിയായി തന്നെ അവതരിപ്പിക്കാൻ സിമ്രാനു കഴിഞ്ഞു. ആകെ മൊത്തത്തിൽ, ഓരോ നിമിഷവും പ്രേക്ഷകനെ പിടിച്ചിരുത്താൻ ശേഷിയുള്ള ഒരു ഉള്ളടക്കം ഉള്ള സിനിമ. ഗൗതം മേനോൻ സിനിമകൾ ഇഷ്ട്ടപെടുന്നവർ ഒരിക്കലും നിരാശപ്പെടില്ല.
3.0 out of 5.0 stars
ലൗ പന്നാ ഉട്രണം – വിഘ്‌നേശ് ശിവൻ
വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത ബ്ലാക്ക് കോമഡി സ്പർശമുള്ള ഈ ചിത്രം ജാതിവ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതും സ്വവർഗ ബന്ധമുള്ള ഒരു കോണുള്ളതുമാണ്. ആദി ലക്ഷ്മിയും ജ്യോതി ലക്ഷ്മിയും (അഞ്ജലി) ഇരട്ട സഹോദരിമാരാണ്, അവർ കുടുംബത്തെ അംഗീകരിക്കാത്ത ആളുകളുമായി (അവരിൽ ഒരാൾ സ്വവർഗ ബന്ധത്തിൽ) പ്രണയത്തിലാണ്. അവരിൽ ഒരാൾ സമ്മർദത്തിന് വഴങ്ങുമ്പോൾ മറ്റൊരാൾ അവളുടെ സ്വാതന്ത്ര്യം തിരഞ്ഞെടുക്കുന്നു. ഇടയ്ക്കിടെയുള്ള നർമ്മവും രസകരമായ കഥാപാത്രങ്ങളും ചില ഇരുണ്ട നിമിഷങ്ങൾ ഉണ്ടായിരുന്ന ഒരു വ്യത്യസ്തമായ ചിത്രം കൂടിയാണ് ഇത്. അതുകൊണ്ടു തന്നെ മറ്റു മൂന്ന് ചിത്രങ്ങളിൽ നിന്നും ഈ സിനിമ വളരെ വേർപെട്ടിരിക്കുന്നു.
3.0 out of 5.0 stars
Comments
0 comments