നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ വി വിഘ്‌നരാജൻ ആദ്യമായി സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് അന്ധകാരം. ഇരുട്ടിൽ എന്നപോലെ തന്നെ അവ്യക്തമായി ആണ് ചിത്രത്തിൻ്റെ തുടക്കം. പരസ്പര ബന്ധമില്ലാത്ത കുറെ സംഭവങ്ങൾ കാണിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. മനസിലാക്കാൻ ബുദ്ധിമുട്ടാണെങ്കിലും അവ പ്രതീക്ഷ നൽകുന്നതായിരുന്നു. അവ തമ്മിലുള്ള ബന്ധം മനസിലാക്കണം എങ്കിൽ ക്ലൈമാക്സ് വരെ കാത്തിരിക്കുകയെ രക്ഷയുള്ളൂ.
അത് കഴിഞ്ഞാൽ പ്രധാന കഥാപാത്രങ്ങളെ ഓരോന്നായി ഞങ്ങൾ പരിചയപ്പെടുത്തുന്നു. ആദ്യം പരിചയപ്പെടുന്നത് സെൽവം എന്ന കഥാപാത്രമാണ്. തികച്ചും ഒരു നിഘൂഢമായ കഥാപാത്രമായി സെൽവം മാറുന്നത് കഥാഗതിയെ തന്നെ മാറ്റിമറിക്കുന്നു. ക്രിക്കറ്റ് പരീശിലകനായ വിനോദിനെ അവതരിപ്പിക്കുന്നത് അർജുൻ ദാസ് ആണ്. തികച്ചും നോർമൽ അല്ലാത്ത, അയ്യാളെ ചുറ്റി ഒരുപാട് പ്രശ്നങ്ങൾ ഉള്ള ഒരു കഥാപാത്രം. അവസാനം , ഇന്ദ്രൻ, ഒരു മനോരോഗ വിദഗ്ധൻ ആയ ഡോക്ടർ . ചില കൊലപാതക ശ്രെമത്തിൽ നിന്നും രക്ഷപെട്ട ഡോക്ടർ. ഇവർ മൂന്ന് പേരെയും പരസ്പരം ബന്ധിപ്പിക്കുന്നിടത്താണ് കഥ അവസാനിപ്പിക്കുന്നതും.
ചില ത്രില്ലിംഗ് ആയിട്ടുള്ള ട്വിസ്റ്റുകളും സംഭാഷണങ്ങളും ഒരു പ്രേക്ഷകനെ ചിത്രത്തിലേക്ക് കൂടുതൽ ആകർഷിക്കുകയും, മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്നു.അർജുൻ ദാസും വിനോത്ത് കിഷനും അഭിനയരംഗത്ത് ഉറച്ചുനിൽക്കുന്നു. വി പ്രദീപ് കുമാറിൻ്റെ പശ്ചാത്തല സംഗീതം ഈ രംഗങ്ങളെ കൂടുതൽ തീവ്രമാക്കിതീർക്കുന്നു.
ഇതൊക്കെയാണെങ്കിലും എവിടെയൊക്കെയോ പ്രേക്ഷകരെ അന്ധകാരം മടുപ്പിക്കുന്നുമുണ്ട്. ഒരു പക്ഷെ എല്ലാ കഥാ സന്ദർഭങ്ങളും ഒരുമിപ്പിക്കാൻ ക്ലൈമാക്സ് വരെ പ്രേക്ഷകരെ കാത്തിരിപ്പിക്കുന്നതു കൊണ്ടാകാം. അതുമല്ലെങ്കിൽ ചില സന്ദർഭങ്ങൾ മനസിലാക്കാൻ പ്രേക്ഷകന് കഴിയാത്തതുകൊണ്ടാകാം. ഒരു പക്ഷെ തിരക്കഥയിൽ കുറച്ചുകൂടി മികവ് കാട്ടിയിരുന്നെങ്കിൽ വളരെ മികച്ച ഒരു ചിത്രമായി മാറേണ്ട ചിത്രമായിരുന്നു “അന്ധകാരം”. എങ്കിലും പുതിയൊരു അനുഭവത്തിനായി ഒരു തവണ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം.
3.0 out of 5.0 stars
Comments
0 comments